നിങ്ങൾക്ക്
സമാധാനവും
നിത്യജീവനും

നിങ്ങൾക്ക് സമാധാനവും നിത്യജീവനും (Peace to you and eternal life)
ഒരിക്കൽ ഒരു ഭരണാധികാരി സമാധാനത്തെ ആസ്പദമാക്കി ഒരു ചിത്രം വരക്കുവാൻ തന്റെ രാജ്യത്തിലെകലാകാരന്മാരോട് ആവശ്യപ്പെട്ടു. നിരവധി ആളുകൾ വിവിധ ആശയങ്ങളിലുള്ള ചിത്രങ്ങൾ വരച്ചു. അതിൽ പ്രഥമ ഭാഗത്ത് എത്തിയ ചിത്രം ഇതായിരുന്നു.           കടൽക്കരയിൽ നിൽക്കുന്ന ഒരു വൃക്ഷം. അത് കൊടുങ്കാറ്റിനാൽ ആടിയുലയുകയാണ്. ആർത്തിരമ്പുന്ന കടൽ.. വാനോളം അടിച്ചുയരുന്ന തിരമാലകൾ.. ആ വൃക്ഷത്തിന്റെ ചില്ലയിൽ രണ്ട് ഇണക്കുരുവികൾ പാട്ട് പാടിക്കൊണ്ടിരിക്കുന്നു. ഈ വിപരീതാവസ്ഥയിലും ആ ഇണക്കുരുവികൾ അനുഭവിക്കുന്ന ശാന്തതയാണ് സമാധാനം. ജീവിതത്തിൽ ഒരു പ്രയാസം പോലും ഇല്ലാത്ത അവസ്ഥയെയാണ് സമാധാനം എന്ന് ചിന്തിക്കുന്നവരുണ്ട്. അങ്ങനെ ഒരു മനുഷ്യനുണ്ടാവുകയില്ല എന്നതാണ് സത്യം. മറിച്ച് തിരമാലകൾ പോലെ നാനാവിധ പ്രതിസന്ധികൾക്കിടയിലും ആകുലതകളില്ലാതെ ശാന്തമായിരിക്കുവാൻ കഴിയുന്ന അവസ്ഥയെയാണ് സമാധാനം എന്ന് വിളിക്കുന്നത്.
           പ്രതിസന്ധികൾ ഇല്ലാത്ത മനുഷ്യരുണ്ടോ?
മാരകരോഗങ്ങൾ,ഉറ്റവരുടെ വേർപാട്, എടുത്താൽ പൊങ്ങാത്ത കടഭാരം, പരീക്ഷകളിലെ തോൽവി, വിവിധ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പ്രേമ നൈരാശ്യം ഇതെല്ലാം സമാധാനം നഷ്ടപ്പെടുത്താം. ഇതിൽനിന്നു രക്ഷനേടാനുള്ള കുറുക്കുവഴികളായാണ് മദ്യപാനം, മയക്കുമരുന്നുകൾ, ഉറക്കഗുളികൾ തുടങ്ങിയവ മനുഷ്യൻ കണ്ടത്തുന്നത്. അത് അവനെ കൂടുതൽ കൂടുതൽ തകർച്ചകളിലേക്ക് എത്തിക്കുന്നു. അവസാനം ആത്മഹത്യയിൽ അവനെ കൊണ്ടെത്തിക്കുന്നു.           സൗന്ദര്യവും പ്രശസ്തിയുമുള്ളസിനിമാതാരങ്ങളും ജോലിയും പദവിയുമുള്ള വിദ്യാസമ്പന്നരും തലമുറകളായി സമ്പത്ത് അനുഭവിക്കുന്ന ധനാഢ്യരും ഭീരുക്കളെപ്പോലെ ആത്മഹത്യയിലൂടെ ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത് എന്തിനാണ്? പണമോ വിദ്യാഭ്യാസമോ പ്രശസ്തിയോ അല്ല സമാധാനം നൽകുന്നത്. ഇതൊന്നും കൈവശമില്ലാത്ത സാധാരണക്കാർ എത്രയോ സന്തോഷമായി ജീവിക്കുന്നു.
ആർക്ക് സമാധാനം നൽകുവാൻ കഴിയും?
യേശുപറഞ്ഞു: “എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു; തരുന്നതുപോലെയല്ല ഞാൻ നിങ്ങൾക്ക് തരുന്നത് ‘ (യോഹന്നാൻ 14:27) വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മുടെ സൃഷ്ടാവായ ദൈവമാണ് നമുക്ക് സമാധാനം നൽകുന്നത്.
ബൈബിൾ എന്ത് പറയുന്നു?
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടു കൂടെയിരിക്കും. (2 കൊരിന്ത്യർ 13:11) സമാധാനത്തിന്റെ ദൈവം ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ.‘ (1 തെസ്ലോനിക്കർ 5:23) അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം.‘ (ലൂക്കോസ് 2:14) മുൻ കാലങ്ങളേക്കാൾ മനുഷ്യനെ ആകുലനാക്കുന്നത് മരണഭീതിയാണ്. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ, മനുഷ്യന്റെ സകല പ്രതീക്ഷകളെയും തകർത്തുകളയുമ്പോൾ, ഒന്നിനു പുറകെ മറ്റൊന്നായി എത്തുന്ന മാരക രോഗങ്ങൾ, കാൻസർ, കിഡ്നി, ഹൃദയസംന്ധമായ രോഗങ്ങൾ, നിപ, കോവിഡ്, അതിന്റെ വകഭേദങ്ങൾ എത്രയോ മനുഷ്യരുടെ ജീവനെടുത്തു. ദിനംപ്രതി വർദ്ധിക്കുന്ന അപകടങ്ങൾ, കലഹങ്ങൾ, യുദ്ധങ്ങൾ എല്ലാം ഭീതിയോടെ നോക്കുന്ന മനുഷ്യൻ മരണമെന്ന യാഥാർത്ഥ്യത്തിന് മുമ്പിൽ ഭയന്നു വിറക്കുകയാണ്.
ശാരീരിക മരണം (Physical Death)
വൈദ്യശാസ്ത്രം പ്രതിപാദിക്കുന്ന മരണം ശാരീരിക മരണമാണ്. ഇത് ദൃശ്യമായതാണ്. ശരീരത്തിന്റെ പ്രവർത്തനം എന്നെന്നേക്കുമായി നിലക്കുന്ന അവസ്ഥയാണ്. ഇതിനെ ഒന്നാം മരണം എന്ന് വിളിക്കുന്നു
ആത്മാവിന്റെ മരണം (Death of the Spirit)
മനുഷ്യനിൽ ദേഹം,ദേഹി, ആത്മാവ് എന്നീ മൂന്ന് ഘടകങ്ങൾ ഉണ്ട്. ദേഹം എന്നാൽ പഞ്ചേന്ദ്രിയങ്ങളുടെ ഇരിപ്പിടം, ദേഹി എന്നാൽ സ്വയംബോധ ത്തിന്റെ ഇരിപ്പിടം. അതായത് നമ്മുടെ വ്യക്തിത്വം, ചിന്ത, വിചാരവികാരങ്ങൾ, താൻ ആരാണെന്നുള്ള തിരിച്ചറിവ് ഇവയെയാണ് ദേഹി എന്നർത്ഥമാക്കുന്നത്.ആത്മാവ് എന്നാൽ ദൈവബോധത്തിന്റെ ഇരിപ്പിടം. ഈ ആത്മാവ്സൃഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള ചിന്തയും ദൈവത്തിന്റെ ഇഷ്ടം നമ്മിൽ നിവർത്തിക്കപ്പെടാനുള്ള ആഗ്രഹവും നമുക്ക് തരുന്നു.
 ഇവ മൂന്നും കൂടിച്ചേരുന്നതാണ് ഒരു മനുഷ്യൻ.
വൈദ്യശാസ്ത്രം മനുഷ്യന്റെ ശരീരത്തെക്കുറിച്ച് പഠിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ശാസ്തവിഭാഗമാണ്. മരണം കൊണ്ടവസാനിക്കാത്ത ആതമാവിനെക്കുറിച്ച് ശാസ്ത്രത്തിനറിയില്ല. എന്നാൽ ദൈവവചനം (ബൈബിൾ) മനുഷ്യന്റെ ഈമൂന്ന് ഘടകങ്ങളെയും പ്രധാന്യത്തോടെ കൈകാര്യം ചെയ്യുന്നു.
ആത്മാവിനു സംഭവിക്കുന്ന മരണത്തെപ്പറ്റി ബൈബിൾ വ്യക്തമാക്കുന്നു.
പാപത്തിന്റെ ശമ്പളം മരണമത്രെപാപം ചെയ്യുന്ന ദേഹി മരിക്കും. പാപത്തിന്റെ ശമ്പളമായ മരണത്തെയാണ് ആത്മാവിന്റെ മരണം എന്ന് പറയുന്നത്. ഈ വ്യക്തിക്ക് ശാരീരിക ജീവനുണ്ടെങ്കിലും ആത്മീകമായി മരിച്ച് അവസ്ഥയിലാണ്.നിത്യമായ മരണം. ആത്മമരണം സംഭവിച്ച മനുഷ്യൻ യേശുക്രിസ്തുവിലൂടെയുള്ള ആത്മരക്ഷ പ്രാപിക്കാതെ മരിക്കുമ്പോൾ അവന്റെആത്മാവ് നിത്യമായ നരകത്തിലേക്ക്പോകുന്നു. ഇതാണ് നിത്യമായ മരണം അഥവാ രണ്ടാമത്തെ മരണം. ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം, ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനേയും തീപ്പൊയ്കയിൽ തള്ളിയിടും‘ (വെളിപ്പാട് 20:15)
ക്ഷണികമായ ജീവിതവും, നിത്യജീവനും
60 വയസ്സുള്ള ഒരു മനുഷ്യൻ ഭൂമിയിൽ ജീവിക്കുന്നത് 29200 ദിനങ്ങൾ മാത്രമാണ്. മരണത്തോടുകൂടി ഈ ലോകജീവിതം അവസാനിക്കുകയും ജഡശരീരം മണ്ണിലേക്ക് മടങ്ങുകയും ആത്മാവ് ഈ ശരീരം വിട്ട് പോകുകയും ചെയ്യുന്നു. ആത്മാവ് ദൈവത്തിന്റെ സന്നിധിയിൽ എത്തിച്ചേരുന്നതിനെയാണ് നിത്യജീവൻ പ്രാപിക്കുക എന്നർത്ഥമാക്കുന്നത്.നിത്യജീവന്റെ ദാതാവ് യേശുക്രിസ്തുവാണ്. ജീവിച്ചിരിക്കുമ്പോൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ മാത്രമായിരിക്കും നിത്യതയിൽ ദൈവത്തോടുകൂടി വസിക്കുക.ജനിച്ച ഏതൊരു വ്യക്തിയും മരണം വഴിയായി ഭൂമിയിൽ നിന്ന്മാറ്റപ്പെടുന്നു. മരണം സകലരിലും പരന്നിരിക്കുന്നു. അത് സകലരും പാപികൾ ആണെന്ന യാഥാർത്ഥ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനാൽ പാപത്തിൽ നിന്നും മോചനം പ്രാപിച്ചവർക്കേ നിത്യജീവൻ നേടുവാൻ കഴിയു…
യേശു പറയുന്നു.
ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. ഞാൻ മുഖാ തിരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.‘ (യോഹ 14 : 6) ആകയാൽ ഈ ലഘുസന്ദേശം വായിക്കുന്ന സഹോദരങ്ങളെ. പാപ വഴികൾ ഉപേക്ഷിക്കുക. സമാധാന പൂർണ്ണമായ ജീവിതം നയിക്കുക. നിത്യജീവന്റെ ഉടമസ്ഥരായിത്തീരുക. ഭൂമിയിൽ ജീവിക്കുന്ന നാളുകളിൽ എല്ലാവിധമായ അനുഗ്രഹങ്ങളും നിങ്ങളുടെ മേലും നിങ്ങളുടെ കുടുംബാംഗങ്ങളുടെമേലും വരുമാറാകട്ടെ. എന്ന്, പ്രാർത്ഥനയോടെ ഉപസംഹരിക്കുന്നു. കടപ്പാട്, പാസ്റ്റർമാത്യു എൻ.എം കൂടുതല്‍ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക  പാസ്റ്റർ മാത്യു എൻ.എം. (ഷാജു) ഐ.പി.സി. ഗോസ്പൽ സെന്റർ, പെരിന്തൽമണ്ണ, ഫോൺ: 9744668467

Leave a Reply

Your email address will not be published. Required fields are marked *